എമ്പുരാൻ’എന്ന സിനിമയെപ്പറ്റി നടക്കുന്ന വിവാദങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന കലാപരംഗങ്ങൾ ഗുജറാത്ത് കലാപ കാലത്ത് സംഘപരിവാർ നടത്തിയ കലാപമാണെന്ന സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി അനുകൂലികൾ ഈ സിനിമയ്ക്കെതിരെ രംഗത്ത് വന്നതെന്നാണ് മനസ്സിലാക്കുന്നത്.
സിനിമയിലെ കലാപകാരികൾ ബിജെപിയാണെന്ന് സ്വയം തിരിച്ചറിയാൻ സംഘപരിവാറിന് സാധിച്ചത് വലിയ കാര്യം തന്നെയാണ്. ഇന്ത്യാ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങൾ സിനിമ എന്ന മാധ്യമത്തിലൂടെ അടയാളപ്പെടുത്താൻ ശ്രമിച്ച അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ.
ഒരു സിനിമ രാഷ്ട്രീയം സംവദിക്കുമ്പോൾ അതിനെതിരെ അസഹിഷ്ണുത പുലർത്തുന്നത് ബിജെപിയെയും സിപിഎമ്മിനെയും പോലെയുള്ള ഏകാധിപത്യ പാർട്ടികളുടെ സ്ഥിരം സമീപനമാണ് . പല കാലങ്ങളിലും നമ്മൾ അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നടത്തിയ വസ്തുതാ വിരുദ്ധമായ പരാമർശങ്ങൾ ഒക്കെ ഉത്തരേന്ത്യയിലെ സംഘപരിവാർ ആഘോഷിക്കുന്നതും അതിന്റെ ചുവടു പിടിച്ച് കേരളത്തിനെതിരെ വിദ്വേഷം പടർത്തിക്കൊണ്ട് നിരവധി സിനിമകൾ പടച്ചുവിടുന്നതും നാം കണ്ടിട്ടുണ്ട്. അന്നൊക്കെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായവർ ഇന്നെന്തിനാണ് ഒരു സിനിമയെ ഭയപ്പെടുന്നത്?
സംഘ് പരിവാർ സംഘടനയായ ബജ്‌രംഗ് ദളിന്റെ ഗുജറാത്തിലെ നേതാവായിരുന്ന ബാബു ബജ്‌രംഗി ഗുജറാത്ത് കലാപത്തിലെ ഏറ്റവും രക്തരൂഷിതമായ കൂട്ടക്കൊലയായി കരുതപ്പെടുന്ന നരോദ പാട്യ കൂട്ടക്കൊലയിലെ പ്രധാന പ്രതിയായിരുന്നു. ജീവപര്യന്തം കഠിന തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഇയാൾ ഇപ്പോൾ പരോളിലാണ്. ഇപ്പോൾ മാത്രമല്ല 2014ൽ മോദി സർക്കാർ വന്നതിന് ശേഷം ഭൂരിപക്ഷം സമയവും ഇയാൾ പരോളിലായിരുന്നു. 'തെഹൽക്ക' നടത്തിയ ഒരു സ്റ്റിംഗ് ഓപ്പറേഷനിൽ കൂട്ടക്കൊലയിലെ തന്റെ പങ്കിനേക്കുറിച്ചും, തന്നെ സഹായിക്കാൻ വേണ്ടി നരേന്ദ്രമോദി മൂന്ന് തവണ ജഡ്ജിമാരെ മാറ്റിത്തന്നു എന്നും ഒളിക്യാമറയിൽ ബാബു ബജ്‌രംഗി തന്നെ വളരെ കൃത്യമായി പറയുന്നുണ്ട്. താഴെ നൽകിയിരിക്കുന്ന ചിത്രത്തിൽ നിന്ന് നരേന്ദ്ര മോദി, എൽ.കെ അദ്വാനി, അമിത് ഷാ, ബാബു ഭായ് പട്ടേൽ എന്ന ബാബു ബജ്‌രംഗി എന്നിവരുടെ അടുപ്പം നമുക്ക് മനസ്സിലാക്കാൻ സാധിക്കും
ഇത്തരം വർഗ്ഗീയവാദികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. ഈ സിനിമയ്ക്കെതിരെ വർഗ്ഗീയ പരാമർശങ്ങളുമായി സംഘപരിവാർ അനുകൂലികൾ പരസ്യമായി രംഗത്ത് വരുമ്പോൾ അതിനെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ല് കേരളത്തിന്റെ ആഭ്യന്തര മന്ത്രി കാണിക്കണം. ഈ വർഗ്ഗീയവാദികൾക്ക് പേക്കൂത്ത് കാണിക്കാൻ കഴിഞ്ഞ 9 കൊല്ലങ്ങളായി കാണുന്ന രീതിയിൽ വീണ്ടും കേരളത്തെ വിട്ടുകൊടുക്കരുതെന്ന് സംസ്ഥാന സർക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു.
ഇന്ത്യയിലെ മുഴുവൻ ഹിന്ദു സമൂഹത്തിനും അപമാനമായി ഗുജറാത്ത് കലാപകാലത്ത് ഹിന്ദു നാമധാരികളായ തീവ്രവാദികൾ നടത്തിയ കൊടുംക്രൂരതകൾ സിനിമയിലൂടെ ജനങ്ങൾക്ക് അനുഭവ വേദ്യമാക്കിയ എമ്പുരാന്റെ സൃഷ്ടികർത്താക്കൾക്ക് കെപിസിസിയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
MP K. Sudhakaran said that the problem with the Sangh Parivar is that they became convinced that they were the ones who did the violence when they saw it in the movie.